കശ്മീരില്‍ രണ്ട് വിഘടനവാദി നേതാക്കള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്. ഡല്‍ഹിയിലെ എന്‍ഐഎയുടെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ അട്ടിമറിശ്രമങ്ങള്‍ക്കും വിഘടനവാദ പ്രവൃത്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് പേർക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയിരിക്കുന്നത്.

തഹ്‌രീഖ് ഇ ഹുറിയത്ത് നേതാക്കളായ ഫറൂഖ് അഹമ്മദ് ദര്‍, ജാവേദ് അഹമ്മദ് ബാബ എന്നിവര്‍ക്കാണ് എന്‍ഐഎ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യം ഈ രണ്ട് നേതാക്കളെയും എന്‍ഐഎ സംഘം കശ്മീരില്‍ വെച്ച് നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

കശ്മീരിലെ പ്രതിഷേധക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കി മേഖലയില്‍ അസ്ഥിരത പടര്‍ത്തുന്നതിനായി പണം സമാഹരിക്കുകയും എത്തിച്ചുനല്‍കുകയും ചെയ്തു എന്നതാണ് ഫറൂഖ് അഹമ്മദ് ദര്‍, ജാവേദ് അഹമ്മദ് ബാബ എന്നിവര്‍ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹഫീസ് സയീദ്, കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനി, ജമ്മു നാഷണല്‍ ഫ്രണ്ട് ചെയര്‍മാന്‍ നയീം ഖാന്‍ എന്നിവരുടെ പങ്കുകളും പ്രാഥമികാന്വേഷണത്തില്‍ എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയില്‍നിന്ന് ഹവാല ഇടപാടിലൂടെ പണം സ്വീകരിച്ചതായി നയീം ഖാന്‍ വെളിപ്പെടുത്തിയിരുന്നു. നയീം ഖാന്റെ കുറ്റസമ്മതം ഒളികാമറ ഓപ്പറേഷനിലൂടെ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.

Top